ദൈവമെന്ന ആശയം: ഒരു വിമര്‍ശനപരമായ യാത്ര

നമ്മെ സൃഷ്ടിച്ചത് ഒരു ദൈവമാണെന്ന് പറഞ്ഞാല്‍, ആദ്യം ചോദിക്കേണ്ടത് ഇതാണ്: ആ ദൈവത്തെ ആരാണ് സൃഷ്ടിച്ചത്? ഈ ചോദ്യം കുട്ടിക്കളിയല്ല. ഇത് ചരിത്രത്തില്‍ ഏറ്റവും ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ട ഒരു ചോദ്യമാണ്. കാരണം, ദൈവമെന്ന ആശയത്തിന്റെ ഏറ്റവും വലിയ ശത്രു യുക്തിയല്ല, മറിച്ച് മറ്റൊരു ചോദ്യമാണ്. ഒരു കുട്ടി സ്‌കൂളില്‍ ഇത് ചോദിച്ചാല്‍ അധ്യാപകന്‍ പറയും:?പ്രത്യേകിച്ച് ഇപ്പോഴത്തെ ടീച്ചേഴ്‌സ് ''ദൈവത്തിന് ആരും സൃഷ്ടിക്കേണ്ടതില്ല, അവന്‍ സ്വയംഭൂവാണ്.'' പിന്നെ കുട്ടി ചോദിച്ചാല്‍, ''അപ്പോ പിന്നെ പ്രപഞ്ചത്തിന് ഒരു ദൈവം വേണ്ടിവരുന്നത് എന്തുകൊണ്ടാണ് ?'' എന്ന്, കുട്ടി എടുത്തു ചോദിച്ചാല്‍ ക്ലാസ് മുഴുവന്‍ നിശ്ശബ്ദമാകും. കാരണം, അപ്പോള്‍ ദൈവമെന്ന ആശയം നഗ്‌നനായി പിടിവിട്ട് നില്‍ക്കുന്നതുകാണാം. പക്ഷെ അവരത് സമ്മതിച്ചു തരും എന്ന് കരുതരുത്. എന്നാല്‍ ദൈവമെന്ന ആശയം ഒരിക്കലും ലോജിക്കിന്റെ മേല്‍ മാത്രം നിലനിന്നിരുന്നില്ല. അത് നിലനിന്നത് അധികാരത്തിന്റെ മേലാണ്

1. ദൈവം: ഭരണകൂടത്തിന്റെ എല്ലാത്തിനേയും നിയന്ത്രിക്കുന്ന, നിരീക്ഷിക്കുന്ന ആദ്യത്തെ സര്‍വൈലന്‍സ് സിസ്റ്റം 

 മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ നിമിഷം മുതല്‍, പലതിനേയും നിയന്ത്രിക്കേണ്ടി വന്നു. ആദിമ ഗോത്രത്തില്‍ പോലും, ഭക്ഷണം മോഷ്ടിക്കരുത്, സ്ത്രീയെ തട്ടിക്കൊണ്ടുപോകരുത്, കുട്ടികളെ ഉപദ്രവിക്കരുത് എന്നിങ്ങനെ പല നിയമങ്ങള്‍ വേണ്ടി വന്നിരുന്നു. പക്ഷേ, പോലീസും കോടതിയും ഇല്ലാത്ത കാലത്ത് ആരു നടപ്പാക്കും ഈ നിയമങ്ങള്‍? അവിടെ വരുന്നു ദൈവം. നിന്നെ ആരും കാണുന്നില്ലെങ്കിലും, ഒരു കണ്ണ് എപ്പോഴും നിന്നെ നോക്കുന്നുണ്ട്. അത് മരിച്ചാലും നിന്നെ വിടില്ല. നരകത്തില്‍ ചെന്ന് അനുഭവിക്കും. ഇതാണ് ലോകത്തെ ആദ്യത്തെ CCTV. പിന്നീട് രാജാക്കന്മാര്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞു: ''ദൈവം എന്നെ തിരഞ്ഞെടുത്തതാണ്.'' അങ്ങനെ ദൈവം രാജാവിന്റെ സെക്യൂരിറ്റി ഗാര്‍ഡ് ആയി. പിന്നെ പുരോഹിതന്മാര്‍ വന്നപ്പോള്‍ ദൈവം അവരുടെ ബിസിനസ് പാര്‍ട്ണര്‍ ആയി. ഫെഡ്രിക് നീച്ചെ പറഞ്ഞത് ശരിയാണ്: ''ദൈവം മരിച്ചു. നാം തന്നെയാണ് അവനെ കൊന്നത്.'' പക്ഷേ, ദൈവം മരിച്ചത് അവന്റെ നിലനില്‍പ്പ് തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതുകൊണ്ടുമാത്രല്ല. മറിച്ച്, ആധുനിക ഭരണകൂടത്തിന് ദൈവത്തെക്കാള്‍ മികച്ച സര്‍വൈലന്‍സ് സിസ്റ്റങ്ങള്‍ ഉണ്ടായി കഴിഞ്ഞതുകൊണ്ടാണ്. ക്യാമറ, ഡാറ്റാബേസ്, ആധാര്‍, സോഷ്യല്‍ മീഡിയ അല്‍ഗോരിതം. ഇന്ന് ദൈവത്തെക്കാള്‍ ഭയപ്പെടുത്തുന്നത് ക്രെഡിറ്റ് സ്‌കോറാണ്.

2. ദൈവം: ഏറ്റവും വലിയ സാമൂഹ്യ നിര്‍മിതി 

 എത്ര ദൈവങ്ങള്‍ ഉണ്ട് എന്ന് ചോദിച്ചാല്‍, ഉത്തരം ഒന്നല്ല. 330 മില്യണ്‍ ദൈവങ്ങള്‍ ഉണ്ടെന്ന് ഹിന്ദു പറയും. ഒരേ ഒരു ദൈവം മാത്രമേ ഉള്ളൂ എന്ന് മുസ്ലിം പറയും. എന്നാല്‍ ദൈവമില്ലെന്ന് ഞാന്‍ പറയും.. കാരണം ദൈവം ഒരു objective reality അല്ല, ഒരു cultural software ആണ്. നിങ്ങള്‍ ജനിച്ച സ്ഥലം, കാലം, ഭാഷ, കുടുംബം എന്നിവയാണ് നിങ്ങളുടെ ദൈവത്തെ തീരുമാനിക്കുന്നത്. ഒരു കുട്ടി കണ്ണൂരില്‍ ജനിച്ചാല്‍ അവന്‍ ശിവനെ പ്രാര്‍ത്ഥിക്കും. റിയാദില്‍ ജനിച്ചാല്‍ അവന്‍ അല്ലാഹുവിനെ പ്രാര്‍ത്ഥിക്കും. ഇതില്‍ ദൈവത്തിന്റെ തിരഞ്ഞെടുപ്പ് എവിടെയാണ്? ഇതില്‍ ദൈവത്തിന്റെ പങ്കെന്താണ്? ഓരോ മനുഷ്യന്റെയും ഭൂമിശാസ്ത്രപരമായ അബദ്ധമാണ്. അതുകൊണ്ടാണ് ദൈവമെന്ന ആശയം ഏറ്റവും ശക്തമായ identity marker ആയി മാറിയത്. ഇന്ത്യയില്‍ ഇന്ന് ആര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ അത് ദൈവത്തോടല്ല, മറിച്ച് സ്വന്തം ജാതിയോടോ മതത്തോടോ ദേശീയതയോടോ ഒക്കെയാണ്. ദൈവം ഇന്ന് ഒരു political mascot ആയി ചുരുങ്ങി. രാമനെ പറഞ്ഞാല്‍ വോട്ട് കിട്ടും. അല്ലാഹുവിനെ പറഞ്ഞാല്‍ വോട്ട് കിട്ടും. യേശുവിനെ പറഞ്ഞാല്‍ വടക്കുകിഴക്കന്‍ വോട്ട് കിട്ടും. ദൈവം ഇല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് അവന്റെ പേര് മാത്രം ഉപയോഗിച്ച് ബിസിനസിന് തുടങ്ങിയത്.

3. ദൈവത്തിന്റെ ഏറ്റവും വലിയ കുറ്റ കൃത്യം

 ലോകത്ത് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍, അത് മനുഷ്യന്റെ തെറ്റാണ് എന്ന് പറയുന്നത് എളുപ്പമാണ്. പക്ഷേ, ഒരു കുഞ്ഞ് കാന്‍സര്‍ ബാധിച്ച് മരിക്കുമ്പോള്‍ അതിന്റെ കര്‍മ്മം എന്താണ്? മുന്‍ജന്മത്തില്‍ അത് എന്ത് പാപം ചെയ്തു? ഇത് ദൈവത്തിന്റെ ഏറ്റവും വലിയ logical contradiction ആണ്. ഒരേ സമയം: - സര്‍വശക്തനാണ് (omnipotent) - സര്‍വ ദയാലുവം കരുണാമയനും സ്‌നേഹാലുവുമാണ് (omnibenevolent) - പക്ഷേ ലോകത്ത് ദുരന്തങ്ങള്‍ എല്ലായെപ്പോഴും നടക്കുന്നു അതുകൊണ്ട് തന്നെ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ്. ഒന്നുകില്‍ ദൈവത്തിന് ശക്തിയില്ല, അല്ലെങ്കില്‍ സ്‌നേഹമില്ല, അല്ലെങ്കില്‍ അവന്‍ ഇല്ല. ഇതിനുള്ള മതങ്ങളുടെ ഉത്തരങ്ങള്‍ കണ്ടാല്‍ ചിരി വരും: - 

ഹിന്ദു: കര്‍മ്മം - 

ക്രിസ്ത്യന്‍: എല്ലാം അവിടത്തെ ഇഷ്ടം - 

ഇസ്ലാം: അല്ലാഹുവിന്റെ പദ്ധതി നമുക്ക് മനസ്സിലാകില്ല 

 മൂന്നും ഒരേ കാര്യമാണ് പറയുന്നത്: ''ഞങ്ങള്‍ക്കും കൃത്യമായി അറിയില്ല, പക്ഷേ വിശ്വസിക്ക്.''

അവസാനം: നമ്മള്‍ സൃഷ്ടിച്ചു വച്ചിരിക്കുന്ന ദൈവം മരിച്ചാല്‍ എന്ത് സംഭവിക്കും? ''ദൈവം മരിച്ചാല്‍ മനുഷ്യന്‍ സൂപ്പര്‍മാന്‍ ആകും.'' അതായത്, ഇനി നന്മയും തിന്മയും നിര്‍ണയിക്കേണ്ടത് മനുഷ്യനാണ്. അതാണ് ഏറ്റവും ഭയപ്പെടുന്നത്. കാരണം, ദൈവമുള്ളപ്പോള്‍ നമ്മുടെ ഉത്തരവാദിത്തം ഒഴിവാക്കാം. ''ദൈവഹിതം'' എന്ന് പറഞ്ഞാല്‍ മതി. ഇന്ന് ലോകത്ത് ഏറ്റവും വലിയ യുദ്ധങ്ങള്‍ നടക്കുന്നത് ദൈവത്തിന്റെ പേരിലാണ്. ഗാസയില്‍ ബോംബിടുന്നവനും ബോംബ് കൊണ്ട് ചാകുന്നവനും ഒരേ ദൈവത്തെ വിളിക്കുന്നു. ഇതിലും വലിയ tragedy ഉണ്ടോ? അതുകൊണ്ടാണ് ഞാന്‍ പറയുന്നത്: ദൈവമെന്ന ആശയം മനുഷ്യചരിത്രത്തിലെ ഏറ്റവും brilliant ആയ തട്ടിപ്പാണ്. അത് പേടി ഉണ്ടാക്കി, അധികാരം നല്‍കി, പണം ഉണ്ടാക്കി, യുദ്ധം ചെയ്തു. ഇനി അതിന്റെ കാലം കഴിഞ്ഞു. നമുക്ക് ധൈര്യമായി ഒരുമിച്ച് പറയാം: ഞങ്ങള്‍ ദൈവത്തെ കൊന്നു. ഇനി ഞങ്ങള്‍ തന്നെ ഉത്തരവാദികള്‍ ആണ്. അതാണ് ഏറ്റവും thrilling ആയ യാത്രയുടെ തുടക്കം. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ. നമ്മുടെ ഉത്തരവാദിത്തത്തിന്റെ. നമ്മുടെ മാനവികതയുടെ

-കുട്ടിച്ചാത്തന്‍

No comments:

Post a Comment